ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് (ഐ.കെ.എം.)
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ , സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച് ഇ- ഗവേണന്‍സ് നടപ്പിലാക്കുകയുമാണ് ഇന്‍ഫര്‍മേഷന്‍ കേരളാമിഷന് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ രൂപകല്പന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ മുന്നോടിയായി മുന്‍കാലരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളില്‍ പരിശീലിപ്പിക്കുകയും ചെയ്തു. 2008-09ലെ CSI Nihilent – e-governance അവാര്‍ഡ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് നടപ്പിലാക്കിയ സുലേഖ പ്ലാന്‍ മോണിറ്ററിംഗ് സോഫ്റ്റ്വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോള്‍ഡ് മെഡല്‍ സുലേഖ പ്ലാന്‍ മോണിറ്ററിംഗിനും, ബ്രോണ്‍സ് മെഡല്‍ സേവന സിവില്‍ രജിസ്ട്രേഷനും ലഭിച്ചത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്ന ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം കൂടിയാണ്.
വെബ്സൈറ്റ് : www.infokerala.org
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സോഫ്റ്റ്വെയറുകള്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് ഭരണ സമ്പ്രദായത്തിന്റെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്വെയര് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് വികസിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങള്‍ / ചട്ടങ്ങള്‍ , അനുബന്ധ അധികാരവികേന്ദ്രീകരണ നിയമങ്ങള്‍ / ചട്ടങ്ങള്‍ , ജനന-മരണ-ഹിന്ദു വിവാഹ/ പൊതുവിവാഹ രജിസ്ട്രേഷന് നിയമങ്ങള്‍ /ചട്ടങ്ങള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതിലെ ഉദ്യോഗസ്ഥന്മാര്ക്കും ബാധകമായ മറ്റു നിയമങ്ങള്‍ / ചട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് 17 സോഫ്റ്റ്വെയറുകള് ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.
- പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള സുലേഖ
- ജനന/മരണ/വിവാഹ രജിസ്ട്രേഷനുകള്‍ നടത്തുന്നതിനും, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള പാക്കേജ് ആയ സേവന(സിവില്‍ രജിസ്ട്രേഷന് )
- സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ , വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ വഴി അവശ വിഭാഗത്തിനു സഹായം എത്തിക്കുന്ന സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനുള്ള സേവന (പെന്ഷന് )
- പഞ്ചായത്ത് രാജ് - മുനിസിപ്പല്‍ നിയമങ്ങള്‍ /ചട്ടങ്ങള്‍ , സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയടങ്ങിയ ഇലക്ട്രോണിക് വിജ്ഞാന കോശമായ സഞ്ചിത
- വസ്തു നികുതി, തൊഴില്‍ നികുതി, ഡി&ഒ, പി.എഫ്.എ ലൈസന്‍സ്, റെന്റ് ഓണ്‍ ലാന്റ് & ബില്‍ഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സഞ്ചയ
- തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രല്‍ ഭൂപടം, വാര്‍ഡ് ഭൂപടം എന്നിവയടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ള സചിത്ര
- സാമൂഹിക സാമ്പത്തിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരവ്യൂഹം കൈകാര്യം ചെയ്യുന്നതിനുള്ള സാമൂഹ്യ,
- വരവുചെലവുകള്‍ അക്കൌണ്ട് ചെയ്യുന്നതിനുള്ള സാംഖ്യ ആപ്ലിക്കേഷന്‍
- അക്രൂവല്‍ അടിസ്ഥാന ഡബ്ബിള്‍ എന്‍ട്രി അക്കൌണ്ടിംഗിനുള്ള സാംഖ്യ കെ.എം.എ.എം എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സ്ഥാപന,
- ബഡ്ജറ്റ്, സാമ്പത്തിക മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്ന സുഭദ്ര,
- തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീര്‍പ്പുകല്‍പ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും സഹായകമാകുന്ന സൂചിക
- പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സംവിധാനമായ സുഗമ
- കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സങ്കേതം
- പഞ്ചായത്ത്/ നഗരസഭ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങള്‍ക്കുള്ള വിവര വിനിമയ പാക്കേജ് ആയ സകര്‍മ്മ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുളള സംവിധാനമായ സംവേദിത
- പ്രാദേശിക മാനവ വിഭവശേഷി മാനേജ്മെന്റ് നടപ്പിലാക്കുന്നതിനുള്ള സാഫല്യ
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി തയ്യാറാക്കിയതും ഇ-ഗവേണന്‍സ് മേഖലയില്‍ കേരളത്തിന് ദേശീയതലത്തില്‍ പ്രശംസ നേടിക്കൊടുത്തതുമായ സുലേഖ, സേവന പാക്കേജുകള്‍ ഇതില്‍ എടുത്തുപറയേണ്ടവയാണ്.
|
|